ചൊവ്വാഴ്ച, ജൂലൈ 27, 2010

എന്റെ ദേശം

ചരിത്രം


കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണ പര്യന്തമുള്ള കേരളത്തിലെ 64 ഗ്രാമങ്ങളില്‍ 32 എണ്ണം മലയാളത്തിലും ബാക്കി കര്‍ണ്ണാടകത്തിലുമാണ്‌. തളിപറമ്പ്‌ ശുകപുരം, ഇരിങ്ങാലക്കുട, പെരുമനം തുടങ്ങിയ ഗ്രാമങ്ങള്‍ പോലെതന്നെ പ്രസിദ്ധമാണ്‌ അവിട്ടത്തൂര്‍ ഗ്രാമവും, ക്ഷേത്രവും. അഗസ്‌ത്യമുനീശ്വരന്റെ തൃപ്പാദത്താല്‍ അലംകൃതംമായ പ്രദേശം അഗസ്‌ത്യതൃപ്പത്തൂരെന്ന പേരില്‍ അറിയപ്പെട്ടു. അഗസ്‌ത്യതൃപ്പത്തൂര്‍ പിന്നീട്‌ അഗസ്‌ത്യപുത്തൂരും തുടര്‍ന്ന്‌ അവിട്ടത്തൂരും ആയി പരിണമിച്ചു. 2000 വര്‍ഷം പഴക്കമുള്ള ഇവിടത്തെ ശിവക്ഷേത്രത്തിന്റെ പ്രതിഷ്‌ഠ നടത്തിയത്‌ അഗസ്‌ത്യ മഹര്‍ഷിയാണെന്നാണ്‌ ഐതിഹ്യം. മഹര്‍ഷി തപസ്സു ചെയ്യുന്നതിന്‌ ഉപയോഗിച്ചിരുന്ന ഹോമകുണ്‌ഡം ഇപ്പോഴും ക്ഷേത്രനടയ്‌ക്കല്‍ അല്‌പം വടക്ക്‌മാറി സ്ഥിതിചെയുന്നുണ്ട്‌.
40 ഇല്ലക്കാര്‍ക്കായിരുന്നു ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം എന്നാണ്‌ കേള്‍വി. പിന്നീട്‌ 10 ഊരളാര്‍ക്കായി മാറി. അവര്‍ നിയമിച്ചിരുന്ന വ്യക്തിയോ അവരില്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരാളോ ആയിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്‌. ഇപ്രകാരം ക്ഷേത്രഭരണം നടത്തിയവരില്‍ പ്രധാനികളായിരുന്നു നടുവം മഹന്‍ നമ്പൂതിരി, കുടുപ്പിളളി കൃഷ്‌ണ്‌ന്‍ നമ്പൂതിരി, നീലകണ്‌ഠന്‍ നമ്പൂതിരി, കുറിയേടത്ത്‌ നാരായണന്‍ നമ്പൂതിരി, ശ്രീകുമാരന്‍ നമ്പൂതിരി, തുടങ്ങിയവര്‍. തുടര്‍ന്നും കുറേക്കാലം ഊരായ്‌മക്കാരുടെ ഭരണത്തില്‍ തന്നെയായിരുന്നു ക്ഷേത്രം 1985 മുതല്‍ പൊതുജന പങ്കാളിത്തത്തോടെയുള്ളശിവക്ഷേത്ര സമിതി എന്ന കമ്മറ്റിയാണ്‌ ഭരണം നടത്തിവരുന്നത്‌.


മൂന്നേകാല്‍ ഏക്കര്‍ സമചതുരത്തിലുള്ള വിശാലമായ മതില്‍കെട്ടിനകത്താണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ബൃഹത്തായ വട്ട ശ്രീകോവിലും, 22 അടിയോളംവരുന്ന സമചതുരത്തിലുള്ള മണ്‌ഡപവും, ഏകദേശം 50 അടിയോളം ഉയരമുള്ള ധ്വജപീഠവും, അതിവിശാലമായ നടപ്പുരയും ഈ മഹാക്ഷേത്രത്തിന്റെ പ്രൗഢി വിളിച്ചോതുന്നു, നവഖണ്‌ഡങ്ങള്‍ ഉള്ള മണ്‌ഡപത്തിന്റെ മേല്‍ത്തട്ടിലും, തൂണുകളിലും, ശ്രീകോവിലിനു ചുറ്റുമുള്ള ശില്‌പങ്ങളിലും കിരാതം, രാമായണം എന്നീ കഥകള്‍ കൊത്തിവെച്ചിരിക്കുന്നു. അമ്പലതിരുമുറ്റത്ത്‌ ചില ശിലാരേഖകള്‍ ഇപ്പോഴും കാണാം. 13-ാംശതകത്തിലെ വട്ടെഴുത്ത്‌ എന്നാണ്‌ പുരാവസ്‌തു ഗവേഷകന്‍മാരുടെ നിഗമനം.. ശീകോവിലിലേക്കുള്ള പ്രവേശന ദ്വാരത്തിന്റെ വശങ്ങളിലുള്ള ശിലലിഖിതങ്ങള്‍ ``അവിട്ടത്തൂര്‍ശാസനം`` എന്നപേരില്‍ പ്രശസ്‌തമാണ്‌. കുലശേഖരരാജാവ്‌ കോതരവിയുടെ ഭരണവര്‍ഷത്തില്‍രേഖപ്പെടുത്തിയതാണ്‌.


ഉത്സവം


കേരളത്തില്‍ 3 ക്ഷേത്രങ്ങളില്‍ മാത്രമേ 28 ദിവസത്തെ ഉത്സവമുള്ളൂ എന്നാണ്‌ അറിവ്‌. വടക്ക്‌ കൊട്ടിയൂരും, അവിട്ടത്തൂരും, തെക്ക്‌ ശുചീന്ദ്രത്തുമാണ്‌. ധനുമാസത്തില്‍ തിരുവാതിരക്ക്‌ കൊടിയേറി മകരമാസത്തിലെ തിരുവാതിര ആറാട്ടോട്‌കൂടി അവസാനിപ്പിക്കുന്ന 28 ദിവസത്തെ ഉത്സവമായിരുന്നു ആദ്യം നടന്നുവന്നിരുന്നത്‌. ആറാട്ട്‌ ചാലക്കുടിപ്പുഴക്കടുത്തുള്ള കണ്ടൊഴിഞ്ഞാറ്‌ പുഴയിലായിരുന്നു. ഉത്സവത്തോടനുബന്ധിച്ച്‌ 41 ദിവസത്തെ മന്ത്രാങ്കം കൂത്തും നടത്തിയിരുന്നു. സാമ്പത്തിക തകര്‍ച്ചമൂലം ഉത്സവം 10 ദിവസംമായി കുറച്ചു. ആറാട്ട്‌ ക്ഷേത്രകുളമായ അയ്യന്‍ചിറയിലേക്ക്‌ മാറ്റി. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ശിവക്ഷേത്ര സമിതിയുടെ ശ്രമഫലമായി 10 ദിവസത്തെ ഉത്സവം വിവിധ പരിപാടികളോടെ ഗംഭീരമായി നടക്കുന്നു.ക്ഷേത്രത്തിലെ ദേവസാനിദ്ധ്യം വിളിച്ചോതുന്ന നിരവധി സദഭവങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്‌. കൂത്ത്‌ - കൂടിയാട്ടം കലയിലെ മുടിചൂടാമന്നനായ പത്മശ്രീ മാണി മാധവചാക്യാര്‍, പ്രസിദ്ധനായ നടുവം മഹന്‍ എന്നീ പ്രഗത്ഭമതികള്‍ വരെ അനുഭവജ്ഞരായിട്ടുണ്ട്‌.


കിരാതരൂപത്തില്‍ അര്‍ജ്ജുനന്‌ പ്രത്യക്ഷപ്പെട്ട ശിവന്റെ രൂപമാണ്‌ പ്രതിഷ്‌ഠാ സങ്കല്‌പം. പ്രഭാതസമയത്ത്‌ കിരാതമൂര്‍ത്തിയുടെയും, ഉച്ചസമയത്ത്‌ ദക്ഷിണാ മൂര്‍ത്തിയുടെയും, സന്ധ്യാസമയത്ത്‌ പാര്‍വ്വതി സമേതനും പ്രസന്നചിത്തനുമായ സാക്ഷാല്‍ പരമേശ്വരന്റെയും ഭാവസാന്നിദ്ധ്യങ്ങളാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠയില്‍. പ്രഭാതത്തിലെ ദര്‍ശനം അഭീഷ്‌ടസിദ്ധിക്കും, ഉച്ചപൂജാ സമയത്തുള്ള ദര്‍ശനം വിദ്യക്കും, സന്ധ്യാസമയത്തെ ദര്‍ശനം സുമംഗലികളായ സ്‌ത്രീകള്‍ക്ക്‌ നെടുമംഗല്യത്തിനും ഉത്തമമാണ്‌. വിളിച്ചാല്‍ വിളിപ്പുറത്താണ്‌ അവിട്ടത്തൂരപ്പന്‍!! ആ ഭഗവാന്റെ മായാവിലാസങ്ങള്‍ക്കറ്റം കണ്ടവരില്ല


എന്റെ ദേശത്തേക്ക് ഏവര്‍ക്കും സ്വാഗതം ​

1 അഭിപ്രായം: